തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി അടഞ്ഞുകിടക്കുകയായിരുന്ന നിലവറയില്‍ വന്‍ നിധിശേഖരം കണ്ടെത്തി. സുപ്രീം കോടതി നിയോഗിച്ച സംഘം നടത്തിയ പരിശോധനയില്‍ ആണ് അത്യമൂല്യമായ രത്‌നങ്ങളും കനകകിരീടങ്ങളും ആഭരണങ്ങളും അടക്കം വന്‍ സ്വര്‍ണശേഖരമാണ് കണ്ടെത്തിയത്.
പരിശോധന മൂന്ന് മണിക്കൂര്‍ നീണ്ടു. ഇതുവരെ അഞ്ച് അറകള്‍ സംഘം പരിശോധിച്ചു. നൂറ്റാണ്ടുകളായി അടഞ്ഞു കിടക്കുന്ന ഒരറ കൂടി ഇനി തുറന്നു പരിശോധിക്കാനുണ്ട്.
കോടതി നിയോഗിച്ച നിരീക്ഷകരും മുന്‍ ഹൈക്കോടതി ജഡ്‌ജിമാരുമായ എം.എന്‍.കൃഷ്‌ണന്‍, സി.എസ്.രാജന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, പുരാരേഖാ ഡയറക്ടര്‍ ജെ.റജികുമാര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഹരികുമാര്‍, അറകളിലെ സൂക്ഷിപ്പുകളുടെ കണക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ടി.പി.സുന്ദരരാജന്‍, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ പ്രതിനിധികളായി തിരുവിതാകൂര്‍ രാജകുടുംബത്തിലെ മാര്‍ത്താണ്ഡവര്‍മ, ആദിത്യവര്‍മ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.
Discussion about this post