തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അതിഥിമന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ അതിഥിമന്ദിരങ്ങളിലും മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. stateprotocol.kerala.gov.in എന്ന വെബ്പോര്‍ട്ടലിലൂടെയും പൊതുഭരണവകുപ്പിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടലായ gad.kerala.gov.in ലെ ഓണ്‍ലൈന്‍ സര്‍വീസസ് വിന്‍ഡോയിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. താമസത്തിന് മുറി ആവശ്യമായ തിയതിക്ക് അഞ്ചുദിവസം മുമ്പ് മുതല്‍ ലഭ്യമായ അപേക്ഷകളില്‍ മുറികള്‍ അനുവദിച്ചുതുടങ്ങും. ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പരില്‍ എസ്.എം.എസ് ആയി സ്റ്റാറ്റസ് അപേക്ഷകനെ അറിയിക്കും. അതത് ദിവസത്തെ മുറികളുടെ അലോട്ട്മെന്റ് ഉത്തരവ് പോര്‍ട്ടല്‍/വെബ്സെറ്റില്‍ ലഭിക്കും. ഔദ്യോഗികാവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളേക്കാള്‍ മുന്‍ഗണന ഉണ്ടായിരിക്കും. സാങ്കേതികത്തകരാറ് മൂലം ഏതെങ്കിലും ദിവസം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമല്ലാതെ വന്നാല്‍ നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോമില്‍ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ നേരിട്ടോ ഫാക്സ്, ഇ-മെയില്‍ മുഖാന്തരമോ അപേക്ഷിക്കണം.
അടിയന്തരഘട്ടത്തില്‍ ഒരു പ്രത്യേകദിവസത്തേക്ക് മുറികള്‍ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അന്ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് അപേക്ഷിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍/ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അതിഥിമന്ദിരങ്ങളില്‍ കോണ്‍ഫറന്‍സ് ഹാളുകള്‍ ബുക്ക് ചെയ്യുന്നതിനും ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കാം.
Discussion about this post