പീരുമേട്: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയിലധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ജയില്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും, വീഴ്ച ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കസ്റ്റഡി മരണത്തില്‍ പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് രാജ്കുമാര്‍ മരണപ്പെട്ടത്. പൊലീസ് സ്റ്റേഷന് പുറമേ ജയിലിലും രാജ്കുമാറിന് മര്‍ദ്ദനമേറ്റെന്നും ചികിത്സ കിട്ടിയില്ലെന്നുമുള്ള ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ജയില്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രാജ്കുമാറിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ജയിലിലെത്തിച്ച ശേഷം എടുത്ത എല്ലാ നടപടിക്രമങ്ങളും രേഖകളും അന്വേഷണസംഘം വിശദമായി പരിശോധിക്കും.
ജയില്‍ ഉദ്യോഗസ്ഥരെ ഇതിനോടകം അന്വേഷണസംഘം ചോദ്യം ചെയ്തു കഴിഞ്ഞു. രാജ്കുമാറിനെ ചികിത്സിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെയും പീരുമേട് താലൂക്കിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതാല്‍ കൃത്യമായ ചികിത്സ പ്രതിക്ക് കിട്ടിയോ എന്ന ചോദ്യത്തിനും ഉത്തരമാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
പി ടി തോമസ് എംഎല്‍എ പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കംപ്ലെയ്ന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ അറിയിച്ചു.
Discussion about this post