തിരുവനന്തപുരം: കേരളം കുട്ടികള്‍ക്ക് നല്‍കുന്ന കരുതലിലെ ജനകീയത മാതൃകാപരമാണെന്ന് കസാഖിസ്ഥാന്‍ ചൈല്‍ഡ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന ബാലാവകാശ കമ്മിഷനെക്കുറിച്ച് പഠിക്കാനായാണ് തിയിഷ്ടക് ഉക്കിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം എത്തിയത്.
കേരളത്തിലെ ചൈല്‍ഡ് പ്രോട്ടക്ഷന്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതിന് ബാലാവകാശ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംഘം അഭിനന്ദിച്ചു. ബാലാവകാശ കമ്മീഷന് സമാനമായ സംവിധാനം കസാഖിസ്ഥാനില്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ചെയര്‍പേഴ്സണ്‍ പി. സുരേഷ് വിശദീകരിച്ചു. കസാഖിസ്ഥാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഗുല്‍നര ഷൂനുസോവ, തദ്ദേശസ്വയംഭരണ വകുപ്പ് മേധാവി മിര്‍ഷന്‍ ഇമാന്‍ബയേവ്, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് മുഖ്യ ഉപദേഷ്ടാവ് ഷോല്‍ചന്‍ ഇസ്‌കോവ, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ മേധാവി സ്വെറ്റ്ലാന സ്റ്ററാക്ഹോളിസ്, യുനിസെഫ് പ്രോഗ്രാം ഓഫീസര്‍ ഉമിത് കഷ്ഗലിയേവ്, അന്തര്‍ദ്ദേശീയ ഉപദേഷ്ടാവ് ഏകത്രീന ഷലമോവ, ദ്വിഭാഷി വാലന്റീന ആന്റിപിന എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്ത്യയിലെ യുനിസെഫ് പ്രതിനിധികളായ കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് സുഗത റോയി, ചെന്നൈ കണ്‍സള്‍ട്ടന്റ് അരുണ്‍ ബേബി എന്നിവര്‍ സംഘത്തെ അനുഗമിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, നസീര്‍ ചാലിയം, ശ്രീല മേനോന്‍, ഡോ. എം. പി. ആന്റണി, സി. ജെ. ആന്റണി, സിസ്റ്റര്‍ ബിജി ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കമ്മീഷന്‍ സെക്രട്ടറി അനിത ദാമോദരന്‍ നന്ദി പറഞ്ഞു.
Discussion about this post