തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാര്‍ ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച പോലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാണോ എന്ന ചോദ്യവും ഉന്നയിച്ചിരുന്നു. കൂടാതെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിംഗ് ജഡ്ജിയെ വിട്ടുതരാന്‍ ഹൈക്കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കായിരിക്കും സര്‍ക്കാര്‍ പോവുക. നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. എസ്‌ഐയെയും ഒരു സിവില്‍ പോലീസ് ഓഫീസറെയും കേസില്‍ അറസ്റ്റു ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഷനിലായിരുന്ന നെടുങ്കണ്ടം എസ്‌ഐ കെ.എ. സാബു, സിവില്‍ പോലീസ് ഓഫീസര്‍ സജീവ് ആന്റണി എന്നിവരെയാണു അറസ്റ്റ്‌ചെയ്തത്. കൊലക്കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജൂണ്‍12ന് കസ്റ്റഡിയിലെടുത്ത കോലാഹലമേട് സ്വദേശിയും തൂക്കുപാലം ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനുമായ രാജ്കുമാര്‍ കസ്റ്റഡിയിലിരിക്കെയാണ് മരണപ്പെട്ടത്.
Discussion about this post