ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒന്നാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് പ്രസംഗം തുടങ്ങിയത്. ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു മുഴുവന്‍ സമയ വനിതാ ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബഡ്ജറ്റാണിത്.
എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് വൈദ്യുതി വിതരണത്തിന് ഒരു രാജ്യം, ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചു. സമാനമായ രീതിയില്‍ ജല ഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും ഗ്യാസ് എന്ന സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രധാന്‍മന്ത്രി ആവാസ് യോജന കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2024 ഓടെ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍കാര്‍ഡ് പ്രാവര്‍ത്തികമാക്കും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്‍കി. മലിനീകരണ രഹിത, ഇലക്ട്രോണിക് വാഹനങ്ങളുടെ വില്‍പന കൂട്ടുന്നതിനായി ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങിയാല്‍, 1.5 ലക്ഷം രൂപ വരെ ആദായ നികുതിയില്‍ ഇളവും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post