ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞു മരിച്ച പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലു ബ്രിട്ടീഷുകാര്‍, രണ്ട് അമേരിക്കക്കാര്‍, ഒരു ഓസ്‌ട്രേലിയക്കാരന്‍ ഇവരുടെ ഇന്ത്യക്കാരനായ ഗൈഡ് എന്നിവര്‍ കയറില്‍ പിടിച്ചു മഞ്ഞിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. പെട്ടെന്ന് ഒരു വലിയ ശബ്ദം കേള്‍ക്കുന്നതും വീഡിയോ നിലയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമെന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വക്താവ് വിവേക് കുമാര്‍ പാണ്ഡേ പറഞ്ഞു. അവസാനം നടന്നുപോയ പര്‍വതാരോഹകന്റെ കൈയിലുണ്ടായിരുന്ന കാമറ 7816 മീറ്റര്‍ ഉയരെ നന്ദാദേവിയോടു ചേര്‍ന്നുള്ള മുനിസിയാരി ബേസ് ക്യാന്പിനു സമീപം മഞ്ഞിനടിയില്‍നിന്നാണു കണ്ടെത്തിയത്. ഇതിനു സമീപത്തുനിന്നാണ് അപകടത്തില്‍ മരിച്ച ഏഴു പര്‍വതാരോഹകരുടെയും മൃതദേഹങ്ങളും കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടക്കത്തില്‍ 12 പേരാണു സംഘത്തിലുണ്ടായിരുന്നതെങ്കിലും, നാലു ബ്രിട്ടീഷ് പൗരന്‍മാര്‍ ഇടയ്ക്കുവച്ച് മടങ്ങി. മേയ് 26-നാണ് പര്‍വതാരോഹകരുമായി അവസാന സന്പര്‍ക്കം നടക്കുന്നത്. ജൂണ്‍ മൂന്നിന് സൈനിക ഹെലികോപ്റ്റര്‍ മൃതദേഹങ്ങളും പര്‍വതാരോഹണ ഉപകരണങ്ങളും കണ്ടെത്തി. എന്നാല്‍ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഐടിബിപി വിദഗ്ധരെ കാല്‍നടയായി അയച്ചു. ജീവന്‍ പണയംവച്ചാണ് വിദഗ്ധര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇവര്‍ രാത്രി വീണ്ടെടുത്ത മൃതദേഹങ്ങള്‍ക്ക് ഒപ്പമാണ് ഉറങ്ങിയിരുന്നതെന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനു നേതൃത്വം നല്‍കിയ ഐടിബിപി ഉദ്യോഗസ്ഥന്‍ രത്തന്‍ സിംഗ് സൊണാല്‍ പറഞ്ഞു. ജീര്‍ണിക്കുന്നത് ഒഴിവാക്കാന്‍ രാത്രിയില്‍ മൃതദേഹങ്ങള്‍ മഞ്ഞില്‍ കുഴിച്ചിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ മാര്‍ട്ടി മോറന്റെ നേതൃത്വത്തിലുള്ള സംഘം മേയ് 13-നാണ് മലകയറ്റം തുടങ്ങിയത്. മുന്പു രണ്ടു തവണ ഈ സംഘം നന്ദാദേവി പര്‍വതം കീഴടക്കിയിരുന്നു.
Discussion about this post