കോട്ടയം: സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനും പ്രയോജനപ്പെടുത്താനും കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വൈക്കം നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിന് വടയാര്‍ സമൂഹം ഹാളില്‍ സംഘടിപ്പിച്ച വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിന്റെ പ്രധാന സമ്പത്ത് വിദ്യാഭ്യാസമാണ്. അറിവ് നല്‍കുന്ന ഇടങ്ങള്‍ എന്ന തലത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ അറിവ് വിശകലനം ചെയ്യുന്ന കേന്ദ്രങ്ങളായി സ്‌കൂളുകളെ മാറ്റുന്ന രീതി നടപ്പില്‍ വരുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അധ്യാപകരും കുട്ടികളും രക്ഷിതാക്കളും കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്.
രക്ഷിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ളവരല്ല കുട്ടികള്‍. പാഠ പുസ്തകങ്ങളിലെ വിവരങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക മാത്രമാകരുത് അധ്യാപനം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറിവുകള്‍ കുട്ടികള്‍ക്ക് സ്വയം കണ്ടെത്താനും വിശകലനം ചെയ്യാനും അധ്യാപകര്‍ വഴികാട്ടികളാകണം. സ്‌കൂളുകളുടെ അന്തരീക്ഷം തന്നെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളിലേക്ക് പഠനം മാറുകയാണ്. ലോകത്തിന്റെയും അവസരങ്ങളുടെയും വാതായനങ്ങള്‍ വളരെ വലുതാണ്. അതിലൂടെ കടന്നു പോകാന്‍ ജനപ്രതിനിധികള്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കണണം- സ്പീക്കര്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ്ടൂ, യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് അദ്ദേഹം ട്രോഫിയും മെഡലും സമ്മാനിച്ചു. സി. കെ ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Discussion about this post