ബംഗളൂരു: വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുംബൈയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. മുംബൈയില്‍ റിനൈസന്‍സ് പവായ് ഹോട്ടലിനു മുന്നില്‍നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ വിമത നേതാക്കളെ കാണാനെത്തിയ ശിവകുമാറിന് ഹോട്ടലിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ശിവകുമാറിനെതിരെ പ്രതിഷേധവുമായി ഹോട്ടലിനു മുന്നില്‍ നിലയുറപ്പിക്കുകയും ചെയ്തു. താന്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ മടങ്ങിപ്പോകൂ എന്നനിലപാട് ശിവകുമാറും സ്വീകരിച്ചു. ഇതോടെ മുംബൈ പോലീസ് ഹോട്ടലിന്റെ പരിസരത്ത് നിരോധാജ്ഞപ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തു നീക്കിയത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളായ മിലന്ദ് ദേവറ്യും സഞ്ജയ് നിരുപവും ശിവകുമാറിനെ കാണാനെത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ശിവകുമാറിനൊപ്പം ഇവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യമായി ബിജെപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഗവര്‍ണര്‍ വാജുഭായ് ആര്‍. വാലയെ കണ്ടു. ബിജെപി എംഎല്‍എമാരും നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്നു. കുമാരസ്വാമിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. ഭൂരിപക്ഷത്തിനാവശ്യമായ എംഎല്‍എമാര്‍ സര്‍ക്കാരിനൊപ്പം ഇല്ല. ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചതായും യദ്യൂരപ്പ പറഞ്ഞു. ഇതിനിടെ മുംബൈയിലുള്ള വിമത എംഎല്‍എമാര്‍ വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കാനുള്ള തയാറെടുപ്പിലാണ്.
Discussion about this post