തിരുവനന്തപുരം: കേരളം ഇ-വാഹനങ്ങളുടെ നാടായി മാറാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് വാഹനങ്ങള്‍ നല്ലരീതിയില്‍ സംസ്ഥാനത്ത് അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാറ്റങ്ങള്‍ സ്വീകരിക്കുന്ന ജനങ്ങളാണ് നമ്മുടെ പ്രത്യേകത. വിപുലമായ രീതിയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ തുടക്കമായി സെക്രട്ടേറിയറ്റില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഓട്ടോകള്‍ മാത്രമല്ല, ഇ-കാറുകളും നമ്മുടെ നിരത്തുകളില്‍ വന്നുതുടങ്ങിയിട്ടുണ്ട്. നാം മനസുവെച്ചാല്‍ നമ്മുടെ തെരുവുകളിലാകെ ഇ-ഓട്ടോകള്‍ ഓടുന്ന സ്ഥിതിയുണ്ടാക്കാനാകും. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാവുമെന്നതാണ് പ്രത്യേകത. ഇന്ധനവില വര്‍ധനയുടെ കാലത്ത് ഇ-വാഹനങ്ങള്‍ ആശ്വാസമാണ്.
വിപ്ലവകരമായ മുന്നേറ്റത്തിനാണ് കേരള ഓട്ടോമൊബൈല്‍സ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായി ഇ-വാഹനരംഗത്തേക്ക് കടന്നുവന്ന് ദേശീയതലത്തില്‍തന്നെ യശസ്സ് ഉയര്‍ത്തിയിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ അടക്കമുള്ള സ്ഥാപനങ്ങള്‍ കേരള ഓട്ടോമൊബൈല്‍സിന് ഓര്‍ഡറുകള്‍ നല്‍കാന്‍ സന്നദ്ധമാകുന്നത് സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വഴിവെക്കും. അതിദയനീയ സാഹചര്യത്തിലായിരുന്ന സ്ഥാപനം മൂന്നുവര്‍ഷം കൊണ്ട് അഭിമാനകരമായാണ് ഉയര്‍ത്തെഴുന്നേറ്റതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിലെ ആധുനിക മെഷീന്‍ ഷോപ്പിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഇ-വാഹനങ്ങള്‍ നിര്‍മിച്ച് പഴയപ്രതാപത്തിലേക്ക് കേരള ഓട്ടോമൊബൈല്‍സ് തിരിച്ചുവരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ചെറിയ വാഹനങ്ങള്‍ നിര്‍മിച്ചു വലിയ വാഹനങ്ങളിലേക്ക് സ്ഥാപനം വിപുലീകരിക്കാന്‍ ആലോചനയുണ്ട്. ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സ്പെയര്‍ പാര്‍ട്സ് നിര്‍മിക്കാനും ആധുനിക മെഷീനറിയുമായി കേരള ഓട്ടോമൊബൈല്‍സ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ് വീല്‍ സ്‌കൂട്ടറിന്റെ വിതരണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡബ്ളിയു.ആര്‍. ഹീബ, ആസൂത്രണബോര്‍ഡ് അംഗം ഡോ. കെ. രവിരാമന്‍, കെ.എ.എല്‍ ഡയറക്ടര്‍ പ്രദീപ് ദിവാകരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്, വികലാംഗക്ഷേ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, എം. ശ്രീകണ്ഠന്‍ നായര്‍, ജി. മാഹീന്‍ അബൂബേക്കര്‍, ഡോ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള ഓട്ടോമൊബൈല്‍സ് എം.ഡി എ. ഷാജഹാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള ഓട്ടോമൊബൈല്‍സ് ചെയര്‍മാന്‍ കരമന ഹരി സ്വാഗതവും ഡയറക്ടര്‍ സി. സത്യചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Discussion about this post