തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസില്‍ സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി. സദാശിവം വിശദീകരണം തേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിനെ വിളിച്ചുവരുത്തി, ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞു. അതിനിടെ, കേരള സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ പുറത്തുകണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സര്‍വകലാശാല പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടു കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറില്‍നിന്നു വിശദീകരണം തേടണം. ഇക്കാര്യത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത്. കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാ നിര്‍ദേശവും നല്‍കിയതായി ഗവര്‍ണറെ മന്ത്രി ധരിപ്പിച്ചു. അതേസമയം, വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍നിന്നും മറ്റിടങ്ങളില്‍നിന്നുമായി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ വേഗത്തില്‍ അന്വേഷണം നടത്തി വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കു ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post