ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചതിനു പിന്നില്‍ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കിലെ ചോര്‍ച്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഫെയിലിയര്‍ അസിസ്റ്റന്റ് കമ്മിറ്റി വിശദമായി പരിശോധിക്കുകയാണ്.
കാലാവസ്ഥ അനുയോജ്യ സമയമായതിനാല്‍ ഈ മാസം 31-ന് മുമ്പേ തന്നെ ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. വരുംദിവസങ്ങളില്‍ വിക്ഷേപണ തീയതി പ്രഖ്യാപിച്ചേക്കും. ഹീലിയം ടാങ്കിലെ ചോര്‍ച്ച ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാന്‍ കാരണമാകും. വിക്ഷേപണ വാഹനം മുഴുവനായും അഴിച്ച വേണം ചോര്‍ച്ച പരിഹരിക്കേണ്ടത്. എന്നാല്‍, നിലവില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കാന്‍ വിക്ഷേപണ വാഹനം അഴിച്ചുപണിയേണ്ടി വരില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ദ്രവഎന്‍ജിന്‍ ടാങ്കിന്റെയും ക്രയോജനിക് എന്‍ജിന്റെയും ഇടയിലെ വിടവിലൂടെ തകരാര്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.
ഐ.എസ്.ആര്‍.ഒ.യുടെ നിഗമനമനുസരിച്ച് ഈ മാസം 31 വരെ മികച്ച വിക്ഷേപണ ജാലകമാണ് (ലോഞ്ച് വിന്‍ഡോ). ചന്ദ്രനിലെ പര്യവേക്ഷണത്തിന് പരമാവധി പകലുകള്‍ ലഭിക്കുക എന്നതും വിക്ഷേപണ പാതയിലെ തടസ്സങ്ങളും പരിഗണിച്ചാണ് വിക്ഷേപണജാലകം നിര്‍ണയിക്കുന്നത്. ഈ മാസം 31 കഴിഞ്ഞാല്‍ 15 ദിവസം കൂടുമ്പോള്‍ വിക്ഷേപണ ജാലകം ലഭിക്കുമെങ്കിലും ഏറ്റവും മികച്ച സമയം സെപ്റ്റംബര്‍ വരെ നീട്ടിക്കൊണ്ടുപോകേണ്ടിവരുമെന്നും ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയുണ്ടായിരിക്കെയാണ് വിക്ഷേപണം മാറ്റി വച്ചത്.
Discussion about this post