തിരുവനന്തപുരം: ഡാറ്റാബാങ്കിലെ തെറ്റുതിരുത്താന്‍ ലഭിച്ച അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കണമെന്ന് കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ ഏകദിന ശില്‍പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും വിഷന്‍ 2020 നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ആവശ്യമെങ്കില്‍ അദാലത്തുകള്‍ നടത്തണം. സര്‍വേ നമ്പര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള അപേക്ഷകളില്‍ മാത്രം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി. തര്‍ക്കമുള്ള അപേക്ഷകള്‍ മാത്രം മാറ്റിവച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ അഞ്ച് അഗ്രോ ഇക്കോളജിക്കല്‍ സോണുകളായി തിരിക്കും. ഇവയെ 23 അഗ്രോ ഇക്കോളജിക്കല്‍ യൂണിറ്റുകളാക്കും. ഓരോ യൂണിറ്റിനും ആവശ്യമായ പാക്കേജ് ഓഫ് പ്രാക്ടീസ് രൂപീകരിക്കാനുള്ള നടപടികള്‍ കാര്‍ഷിക സര്‍വകലാശാല കൈക്കൊണ്ടിട്ടുണ്ട്. കൃഷി, ഉത്പാദനം, മണ്ണുപരിശോധന ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഇതനുസരിച്ച് പുനര്‍നിര്‍ണയിക്കും. റീബില്‍ഡ് കേരളയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതി ലോകത്തിന് തന്നെ മാതൃകയാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൃഷി വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍ മൂന്നു മാസത്തിനകം നടപ്പാക്കും. വിദ്യാര്‍ത്ഥികളെ പാടത്തേക്കിറക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി സെപ്റ്റംബര്‍ 26ന് നടത്തും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് നെല്ലിന്റെ ജന്‍മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ ക്ളാസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വിദ്യാര്‍ത്ഥികളെ പാടത്തേക്കിറക്കുക.
ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പാക്കണം. കര്‍ഷക മിത്ര പദ്ധതി മുഴുവന്‍ ജില്ലകളിലും വ്യാപിപ്പിക്കും. വിള ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ കൃഷി ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. മുഴുവന്‍ വാഴ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ കര്‍ഷകരെ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കണം. കര്‍ഷകര്‍ നിരന്തരം കയറിയിറങ്ങുന്ന പ്രസ്ഥാനമായി കൃഷി ഭവനുകള്‍ മാറണം. എല്ലാ കൃഷി ഭവനുകളിലും ഉത്പാദന ലക്ഷ്യം രേഖപ്പെടുത്തിയ മാപ്പുകള്‍ ഉണ്ടായിരിക്കണം. കര്‍ഷക സഭകള്‍ ജനകീയ പങ്കാളിത്തത്തോടെ നടത്തണം. പ്രളയം ഉള്‍പ്പെടെ നിരവധി ദുരന്തങ്ങള്‍ സംഭവിച്ചെങ്കിലും നെല്‍കൃഷി ഉത്പാദനം 4.8 മെട്രിക് ടണില്‍ നിന്ന് 8.9 മുതല്‍ 10.2 മെട്രിക് ടണ്‍ ആയി വര്‍ദ്ധിച്ചു. റീബില്‍ഡ് കേരളയില്‍ കൃഷി വകുപ്പ് നിര്‍ണായക പങ്ക് വഹിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, സോയില്‍ സര്‍വേ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post