തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് ഉത്രാടം നാളായ സെപ്റ്റംബര്‍ 10ന് തിരിതെളിയും. 16ന് വര്‍ണശബളമായ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്കു തിരശീല വീഴും. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന വര്‍ണക്കാഴ്ചകളാകും ഏഴു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്. ടൂറിസം വകുപ്പാണ് പരിപാടികള്‍ക്കു ചുക്കാന്‍പിടിക്കുന്നത്.
പ്രളയത്തിനു ശേഷം കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം മേഖലകള്‍ നടത്തിയ അത്ഭുതകരമായ ഉയിര്‍പ്പിന്റെ ആവിഷ്‌കാരമാകും ഇത്തവണത്തെ ഓണാഘോഷമെന്ന് ഓണം വാരാഘോഷത്തിന്റെ ആലോചനാ യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്നടക്കം നിരവധി പേര്‍ ആഘോഷ പരിപാടികള്‍ കാണാന്‍ ഇത്തവണയും തലസ്ഥാനത്തെത്തും. ഇവര്‍ക്കായുള്ള കാഴ്ചവിരുന്ന് അണിയറയില്‍ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ടൂറിസം മേഖലയുടെ ഔന്നത്യം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര ടൂറിസം മന്ത്രിയേയും വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഒരു ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഓണം വാരാഘോഷത്തിനിടയ്ക്ക് ഈ പരിപാടി സംഘടിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കനകക്കുന്ന് കേന്ദ്രീകരിച്ചാകും തിരുവനന്തപുരം നഗരത്തിലെ ഓണം വാരാഘോഷ പരിപാടികള്‍ നടക്കുക. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായും സി. ദിവാകരന്‍ എം.എല്‍.എ. വര്‍ക്കിങ് ചെയര്‍മാനായും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ചീഫ് കോ-ഓര്‍ഡിനേറ്ററായും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കോ-ഓര്‍ഡിനേറ്ററായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.എല്‍.എമാര്‍ അധ്യക്ഷന്മാരായി ഉപസമിതികളും നിശ്ചയിച്ചിട്ടുണ്ട്.
മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ആലോചനാ യോഗത്തില്‍ എം.എല്‍.എമാരായ സി. ദിവാകരന്‍, ബി. സത്യന്‍, ഡി.കെ. മുരളി, വി. ജോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കെ.റ്റി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, കെ.റ്റി.ഡി.സി. മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ആര്‍. പിള്ള, എ.ഡി.എം. വി.ആര്‍. വിനോദ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post