തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പോലീസിലെ ചില ഉന്നതര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ചുവെന്ന് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ഈ വിമര്‍ശനം ഉന്നയിച്ചുവെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലാണ് വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നത്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരെങ്കിലും വിമര്‍ശനം ഉന്നയിക്കുമോ. താന്‍ ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചുവെന്ന വാര്‍ത്തകള്‍ ശുദ്ധകളവാണ്. പോലീസുകാരുടെ യോഗത്തില്‍ പോലീസിന്റെ ചില നടപടിയെ വിമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ മാധ്യമങ്ങള്‍ പറഞ്ഞപോലുള്ള കാര്യങ്ങളൊന്നും താന്‍ പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു പ്രശ്‌നമുണ്ടായപ്പോള്‍ മുതലെടുക്കാനാണ് ചിലരുടെ ശ്രമം. പിഎസ്സി പരീക്ഷകളുടെ വിശ്വാസ്യത സംശയിക്കേണ്ട കാര്യമില്ല. തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post