കൊച്ചി: എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി പറഞ്ഞു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് ആശുപത്രി വിടുന്നത്. ആശുപത്രി ജീവനക്കാരോടും ഒപ്പം നിന്ന മറ്റെല്ലാവരോടും മന്ത്രി അഭിനന്ദനം അറിയിച്ചു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പ്രഖ്യാപനം.
പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ യുവാവിന് പഠനം പുനരാരംഭിക്കാന്‍ കഴിയും. പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും പിന്നീട് ഒരു മാസത്തിലേറെ നിരീക്ഷിച്ച ശേഷമാണ് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരേയും നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. എല്ലാവരുടേയും രക്ത സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു.
Discussion about this post