തിരുവനന്തപുരം: ശക്തമായ കടലാക്രമണത്തില്‍ തീരം കടലെടുത്ത ശംഖുമുഖത്ത് കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ശംഖുമുഖത്ത് കടലേറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താനൊരുങ്ങുന്നവര്‍ വര്‍ക്കല, തിരുവല്ലം, അരുവിക്കര, അരിവിപ്പുറം എന്നിവിടങ്ങളിലോ ജില്ലയിലെ മറ്റു സ്നാനഘട്ടങ്ങളിലോ ബലിതര്‍പ്പണത്തിനു പോകാന്‍ തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് ശംഖുമുഖം തീരത്തെ കല്‍കെട്ടുകളടക്കം തകര്‍ന്നിട്ടുണ്ട്. കര്‍ക്കടക വാവിന് പതിവായി ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന കടവിലും വലിയതോതില്‍ തീരശോഷണം സംഭവിച്ച് അപകടാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി ശംഖുമുഖത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറുടെ അഭ്യര്‍ഥന.
റവന്യൂ, ദേവസ്വം അധികൃതര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ഇന്നലെ ശംഖുമുഖം തീരം സന്ദര്‍ശിച്ചു. ബലിതര്‍പ്പണത്തിനു നല്‍കുന്ന പാസുകളില്‍ ശംഖമുഖത്തെ അപകടാവസ്ഥ സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കളക്ടര്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മറ്റു ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ക്കെത്താന്‍ ഭക്തരെ പ്രേരിപ്പിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ശംഖുമുഖത്ത് ശക്തമായ സുരക്ഷയൊരുക്കാന്‍ പൊലീസിനോടും കളക്ടര്‍ നിര്‍ദേശിച്ചു. ശംഖുമുഖം സബ് ഡിവിഷന്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ഡി.റ്റി.പി.സി. സെക്രട്ടറി ബിന്ദു മണി, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
കടല്‍ക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ ശംഖുമുഖം ബിച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. തീരം സുരക്ഷിതമാകുന്നതുവരെ ഇതു തുടരും.
Discussion about this post