ഗോഹട്ടി: ആസാമില്‍ ഏറെ ചോരപ്പുഴയൊഴുക്കിയ വിധ്വംസക സംഘടനയായ ഉള്‍ഫ അക്രമമാര്‍ഗം വെടിയുന്നു. രണ്‌ടു പതിറ്റാണ്‌ടിനുശേഷം ഇന്നലെ ഈ സംഘടന സര്‍ക്കാരുമായി ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥനായ പി.സി. ഹാല്‍ദാരാണ് ഉള്‍ഫയുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
നേരിട്ടുള്ള ആദ്യറൗണ്‌ട് ചര്‍ച്ച വിജയകരമായിരുന്നുവെന്നും ഇനിയും ചര്‍ച്ചകള്‍ തുടരുമെന്നും ഹാല്‍ദാര്‍ അറിയിച്ചു. ഗോഹട്ടിയിലെ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ച രണ്‌ടു മണിക്കൂര്‍ നീണ്‌ടുനിന്നു.ജയിലില്‍ കഴിയുന്ന ഉള്‍ഫയുടെ നേതാക്കളായ ചെയര്‍മാന്‍ അരവിന്ദ രാജ്‌ഖൊവ്വ, സ്വയം പ്രഖ്യാപിത വിദേശകാര്യസെക്രട്ടറി സാഷാ ചൗധരി, ഫിനാന്‍സ് സെക്രട്ടറി ചിത്രബോണ്‍ ഹസാരിക, സാംസ്‌കാരികസെക്രട്ടറി പ്രണാതി ദേകാ, രാഷ്ട്രീയസൈദ്ധാന്തികന്‍ ഭിംകാന്ത ബുറാഗോഹെയ്‌ന്‍ എന്നിവരുമായാണ് കേന്ദ്രസര്‍ക്കാര്‍പ്രതിനിധി ചര്‍ച്ച നടത്തിയത്.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 1992 ജനുവരി ഒന്നിനാണ് ഉള്‍ഫയുമായി ആദ്യമായി നേരിട്ടു ചര്‍ച്ച നടന്നത്. ജയിലില്‍ കഴിയുന്ന ഉള്‍ഫ നേതാക്കളെ വിമാനമാര്‍ഗം ന്യൂഡല്‍ഹിയില്‍ എത്തിച്ചായിരുന്നു ചര്‍ച്ച.എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഉള്‍ഫ ജനറല്‍ സെക്രട്ടറി അനൂപ് ചെടിയ പരോളിലിറങ്ങി മുങ്ങിയതോടെ തുടര്‍ചര്‍ച്ച സര്‍ക്കാര്‍ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
Discussion about this post