തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും സമര്‍പ്പണം ജൂലൈ 27 വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. സാസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, അഡ്വ. വി.എസ്.സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എം.പി. മാര്‍, എം.എല്‍.എ.മാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് മുതിര്‍ന്ന ചലച്ചിത്ര പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. ആദ്യകാല നിര്‍മാതാവ് ആര്‍.എസ്. പ്രഭു, നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ടി.ആര്‍. ഓമന, നടിയും ഗായികയുമായ സി.എസ് രാധാദേവി, പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം, നടന്‍ ജി.കെ. പിള്ള, നീലക്കുയിലില്‍ ബാലതാരമായി വേഷമിട്ട വിപിന്‍മോഹന്‍, നടന്‍ ജഗതി ശ്രീകുമാര്‍, ക്യാമറാമാന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി നായര്‍, നടിയും പിന്നണിഗായികയുമായ ലതാ രാജു, നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍, നടി ശ്രീലത നമ്പൂതിരി, സംഘടന സംവിധായകന്‍ ത്യാഗരാജന്‍, സംവിധായകരായ കെ. രഘുനാഥ്, സ്റ്റാന്‍ലി ജോസ് എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. 2019 ലെ അവാര്‍ഡ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
അവാര്‍ഡ് വിതരണച്ചടങ്ങിനു ശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാര്‍ഡ് നേടിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത സംവിധായകന്‍ ബിജിബാല്‍ നയിക്കുന്ന നവവസന്തം എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിജയ് യേശുദാസ്, സുദീപ് കുമാര്‍, ജി. ശ്രീരാം, രാജലക്ഷ്മി, സിതാര കൃഷ്ണ കുമാര്‍, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണന്‍, ഹരിശങ്കര്‍, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
അവാര്‍ഡ് വിതരണച്ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. പാസുകള്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സ് കെട്ടിടത്തിലുള്ള ചലച്ചിത്ര അക്കാദമിയുടെ സിറ്റി ഓഫീസില്‍ ലഭിക്കും.
Discussion about this post