തിരുവനന്തപുരം: സ്‌കൂളുകള്‍ വിദ്യാര്‍ഥികളില്‍ ലിംഗവിവേചനത്തെയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനെപറ്റിയും അവബോധം ഉണര്‍ത്തണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സാമൂഹിക അവകാശങ്ങളെപ്പറ്റി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. വിവരസാങ്കേതികവിദ്യയ്ക്കു നല്‍കുന്ന പ്രാധാന്യത്തിനൊപ്പം മാനുഷികവീക്ഷണവും വളര്‍ത്തിയെടുക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഓരോ വിദ്യാലയവും എത്രത്തോളം പ്രാപ്തമാക്കുന്നുവെന്നത് സമൂഹത്തെ സ്വാധീനിക്കും. ലോകമെങ്ങും സമൂഹത്തില്‍ വിദ്യാഭ്യാസം ചെലുത്തുന്ന ശക്തി തിരിച്ചറിയുന്നു. ഓരോ സ്‌കൂളും അത് സ്ഥിതി ചെയ്യുന്ന നാടിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉണര്‍വിലാണ് നിലനില്‍ക്കുന്നതെന്നും മഹാത്മ അയ്യങ്കാളിയുമായും ഗാന്ധിജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വെങ്ങാനൂരിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
എം.വിന്‍സന്റ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍, സ്‌കൂള്‍ ശതാബ്ദി ആഘോഷ രക്ഷാധികാരിമാരായ ജസ്റ്റിസ് (റിട്ട.) എം.ആര്‍.ഹരിഹരന്‍ നായര്‍, എന്‍.രാമകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post