തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സ്പാനുകള്‍ സ്ഥാപിക്കുന്നതിനുള്ള ഡിസൈന്‍ പരിശോധനയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആറു കോടി രൂപ രണ്ടരമാസം മുമ്പ് നല്‍കിയിരുന്നു. 274 കോടി രൂപയുടെ ബൈപ്പാസ് നിര്‍മാണത്തില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ പണി മാത്രമാണ് ബാക്കിയുള്ളത്. കൊമ്മാടി മുതല്‍ കളര്‍കോടു വരെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്. ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ നഗരത്തിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും.
2015 ഫെബ്രുവരിയിലാണ് ബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്. ഇതില്‍ 3.3 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ കടപ്പുറത്തിന്റെ സൗന്ദര്യം കുറയാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ നിര്‍മിച്ചത്. 2.6 കിലോമീറ്റര്‍ സര്‍വീസ് റോഡുമുണ്ട്. ഹൈവേയുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്ഡ് ഷോള്‍ഡറോടു കൂടിയ പാതയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ രണ്ടു പ്രധാന കവലകളും നാലു ചെറിയ കവലകളും ഉള്‍പ്പെടുന്നു.
Discussion about this post