തിരുവനന്തപുരം: ടൂറിസം രംഗത്തെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകാന്‍ സംസ്ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് കഴിയണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൈക്കാട് കിറ്റ്‌സ് ഇന്റര്‍നാഷണല്‍ ടൂറിസം ട്രെയിനിംഗ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സംസ്ഥാനതല, പ്രാദേശികതല ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും ലൈസന്‍സും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനെ അറിയാനും വിനോദസഞ്ചാരികളെക്കൊണ്ട് നല്ലവാക്ക് പറയിക്കാനും ഗൈഡുമാര്‍ക്കാകണം. കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനും ടൂറിസം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഗൈഡുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. ടൂറിസം മേഖലകളില്‍ അനധികൃത ഗൈഡുകളെ ഒരു കാരണവശാലും അനുവദിക്കില്ല. സംസ്ഥാനതലത്തില്‍ വനിതാഗൈഡുകള്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പരസ്യവാചകങ്ങളെക്കാള്‍ അതിഥികള്‍ ഉള്ളുതുറന്നു പറയുന്ന വാക്കുകളാണ് കേരളത്തിന് ലഭിക്കേണ്ട ബഹുമതി. ഗൈഡുകള്‍ പങ്കുവയ്ക്കുന്ന സംസ്‌കാരം ടൂറിസ്റ്റുകളെ വീണ്ടും കേരളത്തിലെത്തിക്കുന്നതാകണം. ടൂറിസം പരിശീലനകേന്ദ്രമായ കിറ്റ്‌സിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കിറ്റ്‌സ് സംഘടിപ്പിക്കുന്ന വിവിധ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
വി. എസ്. ശിവകുമാര്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു. കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാമോഹന്‍, ബേബിമാത്യു, ഇ. എം. നജീബ്, പി.കെ. അനീഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 114 പ്രാദേശികതല ഗൈഡുകളും 49 സംസ്ഥാനതല ഗൈഡുകളുമാണ് കിറ്റ്‌സില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്.
Discussion about this post