തിരുവനന്തപുരം: വിവിധ മേഖലകളിലെ ജനസേവനപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഹൃദയത്തിലാണ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സംസ്ഥാന വാര്‍ഷിക സംഗമവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളില്‍ നിസ്വാര്‍ഥ ഇടപെടലും സേവനമനോഭാവവും വളര്‍ത്തുന്നതില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് എന്‍.എസ്.എസ് നടത്തുന്നത്. മനസ്സ് നന്നാകട്ടെ എന്ന എന്‍.എസ്.എസിന്റെ ഗാനം തന്നെ ഏറ്റവും പ്രസക്തമായ കാലഘട്ടമാണിത്. മനസ്സ് നന്നായാല്‍ ജീവിതവീക്ഷണത്തെതന്നെ സ്വാധീനിക്കുകയും സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ജീവിതം നയിക്കാനാവുകയും ചെയ്യും.
സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വ്യാപിച്ചുകിടക്കുന്ന എന്‍.എസ്.എസ് നേതൃത്വപരിശീലനം, ജലസംരക്ഷണം, ഇന്റഗ്രേറ്റഡ് ഫാമിംഗ്, ഹരിതപെരുമാറ്റച്ചട്ടം തുടങ്ങിയ മേഖലകളില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രളയദുരന്തസമയത്ത് മികച്ച രീതിയില്‍ സഹായമെത്തിക്കാന്‍ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്കായി. ‘ഹോം ഫോര്‍ ഹോംലെസ്’ എന്ന വീട് നിര്‍മാണത്തിനുള്ള മാതൃകാപരമായ പദ്ധതിയിലൂടെ വീട് നിര്‍മിക്കുന്ന സ്ഥാപനങ്ങളിലും പ്രദേശങ്ങളിലും നിങ്ങള്‍ മാനിക്കപ്പെടുകയാണ്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സഹായം ലൈഫ് മിഷനില്‍ വീടുനിര്‍മാണത്തിനും ഗുണപരമായി ഉപയോഗിക്കുന്നുണ്ട്.
ഐക്യവും അച്ചടക്കവും സേവനസന്നദ്ധതയും കൈമുതലാക്കി മറ്റുള്ളവര്‍ക്ക് ഉപകരിക്കുന്ന ജീവിതമാക്കി മാറ്റിയെടുക്കാനാണ് എന്‍.എസ്.എസ് ഇടപെടലുകളിലൂടെ സാധിക്കുന്നത്. യുവജനങ്ങള്‍ക്ക് പ്രചോദനമാകാനും ഈ പ്രവൃത്തികള്‍ വഴിവെക്കുന്നു. വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ലക്ഷ്യം ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച സേവനം, സന്നദ്ധത, സഹിഷ്ണുത തുടങ്ങിയ ആശയങ്ങളുമായാണ് എന്‍.എസ്.എസ് മുന്നോട്ടുപോകേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. മതേതരപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുംവിധം മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒ. രാജഗോപാല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.പി. ഇന്ദിരാദേവി, സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസാ തോമസ്, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി. സജിത്ബാബു, കെ.ടി.യു എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോയ് വര്‍ഗീസ്, എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഡോ. ജയമോഹന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സലിം മറ്റപ്പള്ളി, പ്രോഗ്രാം ഓഫീസര്‍ അഭിലാഷ് വി. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. അജിത സ്വാഗതവും റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ആര്‍. അംജിത്ത് നന്ദിയും പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള 2018-19 അധ്യയനവര്‍ഷത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഏറ്റവും മികച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കാലടി ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി, കാസര്‍കോട് ഗവ. പോളി ടെക്‌നിക് കോളേജ്, കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ സിജോ ജോര്‍ജ്, കാസര്‍കോട് ഗവ. പോളി ടെക്‌നിക് കോളേജിലെ ഗോവര്‍ധന കയര്‍ത്തായ ബി, കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ മഞ്ജു വി, തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അനില്‍ മേലേപ്പുറത്ത് എന്നിവര്‍ ഏറ്റുവാങ്ങി.
Discussion about this post