മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ജനജീവിതം താറുമാറായി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
താനെയിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പെട്രോള്‍ പമ്പിലും റിസോര്‍ട്ടിലുമായി കുടുങ്ങികിടക്കുന്ന 115ഓളം പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്താനായി സര്‍ക്കാര്‍ നാവികസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടിയിട്ടുണ്ട്.
അതിനിടെ കനത്ത മഴയെ തുടര്‍ന്നു മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ടുപോയ മുംബൈ – കോലാപൂര്‍ മഹാലക്ഷ്മി എക്‌സ്പ്രസില്‍നിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സുനില്‍ ഉദാസി അറിയിച്ചു. യാത്രക്കാരെ കൊണ്ടുപോകുന്നതിനായി കല്യാണ്‍ മുതല്‍ കോലാപൂര്‍ വരെ 19 കോച്ചുകളുള്ള സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴ കാരണം ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. റണ്‍വേയിലെ കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഒട്ടേറെ സര്‍വീസുകള്‍ വൈകി.
Discussion about this post