പത്തനംതിട്ട: പത്തനംതിട്ട നഗര മധ്യത്തിലെ ജ്വല്ലറിയില്‍നിന്നു 4.5 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നു രക്ഷപ്പെട്ട സംഘത്തിലെ അവസാന പ്രതിയും പിടിയില്‍. സ്വര്‍ണവും പണവുമായി രക്ഷപ്പെട്ട സുനില്‍ ജാദവിനെയാണ് സേലം പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണവും പണവും ഇയാളില്‍നിന്നു പോലീസ് കണ്ടെടുത്തു. സംഘത്തിലെ മറ്റംഗങ്ങളും നേരത്ത് പോലീസിന്റെ പിടിയിലായിരുന്നു. പുലര്‍ച്ചെ സേലത്ത് വാഹനപരിശോധനയ്ക്കിടെ നാലു പേര്‍ പിടിയിലായി. കവര്‍ച്ച ആസൂത്രണം ചെയ്ത മഹാരാഷ്ട്ര സ്വദേശിയായ ജീവനക്കാരന്‍ അക്ഷയ് പാട്ടീലിനെ ഞായറാഴ്ച തന്നെ പിടികൂടി. പിടിയിലായവര്‍ ഇപ്പോള്‍ സേലം പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ കൊണ്ടുവരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്കു തിരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനു സമീപമുള്ള കൃഷ്ണ ജ്വല്ലറിയിലാണു കവര്‍ച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കി നാലു കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും സംഘം കവര്‍ന്നു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സുരേഷ് സേട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. ജ്വല്ലറി ജീവനക്കാരനായ സന്തോഷിനെ മര്‍ദിച്ച ശേഷം മറ്റൊരു ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീലിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘമാണു സ്വര്‍ണവും പണവും കവര്‍ന്നത്. തന്നെ അന്വേഷിക്കുന്നതറിഞ്ഞ് അക്ഷയ് രാത്രിയില്‍ പത്തനംതിട്ട പോലീസില്‍ കീഴടങ്ങുകയായിരുന്നു. 12 ദിവസം മുന്പാണ് ഇയാള്‍ കൃഷ്ണ ജ്വല്ലറിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സന്തോഷും അക്ഷയ് പാട്ടീലും മാത്രമാണ് ജ്വല്ലറിയില്‍ ഉണ്ടായിരുന്നത്. ഞായറാഴ്ചയായിരുന്നതിനാല്‍ അടച്ചിട്ടിരുന്ന കട ഒരു ഇടപാടുകാരനു വേണ്ടിയാണ് വൈകുന്നേരം തുറന്നത്. ഉടമ വിളിച്ചറിയിച്ചതനുസരിച്ചു ജീവനക്കാരനായ സന്തോഷ് എത്തിയാണു വൈകുന്നേരം കട തുറന്നത്. കട തുറന്നപ്പോള്‍ മറ്റൊരു ജീവനക്കാരനായ അക്ഷയ് പാട്ടീലിനൊപ്പം എത്തിയ നാലംഗ സംഘം, സന്തോഷിനെ അടിച്ചുവീഴ്ത്തി വായില്‍ തുണി തിരുകി ജ്വല്ലറിയുടെ പിന്നിലെ മുറിയിലിട്ടു മര്‍ദിച്ചു. അക്ഷയ് പാട്ടീലും ഇവര്‍ക്കൊപ്പം കൂടി. സന്തോഷിനെ മര്‍ദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കടയില്‍ സ്വര്‍ണം വാങ്ങാനായി ഇടപാടുകാരന്‍ കുടുംബസമേതം എത്തി. ഇതറിഞ്ഞു പുറത്തെത്തിയ അക്ഷയ് പാട്ടീല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പെരുമാറുകയും അവര്‍ ആവശ്യപ്പെട്ട സ്വര്‍ണം നല്‍കുകയും ചെയ്തു. മോഷണത്തിനു ശേഷം പുറത്തിറങ്ങിയ സംഘം ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. ഓട്ടോക്കാരന്‍ ഇവരെ റിംഗ് റോഡില്‍ ഇറക്കുകയും അവിടെനിന്ന് അവര്‍ സ്‌കോര്‍പ്പിയോയില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. സംഘം മടങ്ങിയതിനു ശേഷമാണ് സന്തോഷിനു പുറത്തു കടക്കാനായത്. ഇയാള്‍ പുറത്തു വന്നാണ് മോഷണവിവരം പറയുന്നത്. അപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
Discussion about this post