ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാല്‍ റെഡ്ഡി(77) അന്തരിച്ചു. ന്യുമോണിയബാധയെത്തുടര്‍ന്ന് ഹൈദരാബാദ് ഗച്ചിബൗളി ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്ററോളജിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് വിടവാങ്ങിയത്.
അഞ്ചുതവണ ലോക്‌സഭാംഗവും രണ്ടുതവണ രാജ്യസഭാംഗവും നാലുതവണ എം.എല്‍.എ.യുമായിട്ടുണ്ട്. വാര്‍ത്താവിതരണം, പെട്രോളിയം, നഗരവികസനം, ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പോളിയോ ബാധയെത്തുടര്‍ന്ന് ചെറുപ്പത്തില്‍തന്നെ രണ്ടുകാലും തളര്‍ന്നുപോയ ജയ്പാല്‍ റെഡ്ഡി അസാമാന്യമായ വാക്ചാതുരിയിലൂടെ രാഷ്ട്രീയത്തില്‍ മുന്‍നിരയിലെത്തിയത്. മികച്ച പാര്‍ലമെന്റേറിയനുള്ള ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു.
Discussion about this post