തിരുവനന്തപുരം: യുവത്വത്തിന്റെ യഥാര്‍ഥ തുടിപ്പാണ് സര്‍വകലാശാലകളിലുള്ളതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. യുവാക്കള്‍ കൂടുതലായി സൈന്യത്തില്‍ ചേരാന്‍ താത്പര്യം കാണിക്കുന്നത് സന്തോഷകരമാണ്. വിദ്യാര്‍ഥികള്‍ക്കായി നാഷണല്‍ ഡിഫന്‍സ് അക്കാദമി, എയര്‍ഫോഴ്‌സ് അക്കാദമി, നേവല്‍ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പഠനയാത്രകള്‍ സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികളും സേനാവിഭാഗങ്ങളുമായുള്ള ആശയവിനിമയം മികച്ച ഭാവിനേതൃത്വത്തെ സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സേനാവിഭാഗങ്ങളും കേരള സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വിജയദിവസ് ആഘോഷങ്ങള്‍ സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
സൈന്യത്തിന്റെ ത്യാഗവും അച്ചടക്കവും നൈപുണ്യവും യുവത്വം നിറഞ്ഞ സര്‍വകലാശാല സമൂഹത്തിലേക്കു പകരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ത്യാഗങ്ങള്‍ സര്‍വകലാശാല സമൂഹത്തില്‍നിന്ന് ഉണ്ടായി. കാര്‍ഗിലിലെ വിജയം നമ്മുടെ സേനാവിഭാഗങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്ന കൂട്ടായ്മയുടെ തെളിവാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ ആഘോഷം ഇന്ത്യയിലെ യുവമനസ്സുകള്‍ക്ക് പചോദനസ്രോതസ്സാവുമെന്ന് അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു. കാര്‍ഗില്‍ വിജയം ഇന്ത്യയുടെ കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും മന്ത്രി പറഞ്ഞു.
എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി.സുരേഷ്, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ള, സിന്‍ഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.പി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ബ്രിഗേഡിയര്‍ അരുണ്‍ സി.ജി, എയര്‍ വൈസ് മാര്‍ഷല്‍ ബി.ചന്ദ്രശേഖര്‍, വിംഗ് കമാന്‍ഡര്‍ സമ്രത്പാല്‍ ചൗധുരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത എയര്‍ കമ്മഡോര്‍ ഡ്ബ്‌ള്യൂ. ദെഡ്ഗാവോങ്കര്‍ യുദ്ധാനുഭവങ്ങള്‍ പങ്കുവെച്ചു.
Discussion about this post