തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനം ഏതെല്ലാം തലങ്ങളില്‍ നടപ്പാക്കാനാവുമെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിത കേരളം മിഷന്റെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കാനായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കണം. നദികളിലെ മാലിന്യനീക്കം ഉള്‍പ്പെടെയുള്ള ഹരിതകേരളം പദ്ധതികളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണം. വെള്ളത്തിന്റെ ഗുണനിലവാരപരിശോധനയ്ക്കായി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലാബുകള്‍ ആരംഭിക്കാവുന്നതാണ്. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ വിവിധ വകുപ്പുകള്‍ ഗൗരവത്തോടെ കാണണം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് സെക്രട്ടറിമാരും മന്ത്രിമാരും അവലോകനം ചെയ്യണം. ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം. മികച്ചരീതിയില്‍ മാലിന്യം നീക്കം ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കണം.
പ്രാദേശിക തലത്തില്‍ പ്രചാരണത്തിന് പ്രാധാന്യം നല്‍കണം. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പ്രചാരണത്തിന്റെ ഭാഗമാക്കണം. ഇവര്‍ക്ക് പ്രത്യേക മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്. വീടുകള്‍, കെട്ടിടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മഴവെള്ള ശേഖരണത്തിന് പ്രാമുഖ്യം നല്‍കണം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ആരംഭിക്കാം.
ആരോഗ്യ വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കണം. തോട്ടങ്ങളിലും വീടുകളിലും കൃഷി നടത്താം. യശസ്സുള്ള, വിശ്വസ്തമായ ആയുര്‍വേദ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാവുന്നതാണ്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ആവശ്യമായ വൃക്ഷത്തൈകള്‍ വനംവകുപ്പ് ലഭ്യമാക്കും. സംസ്ഥാനത്തെ സീവേജ് പ്രശ്നം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. രാജു, എ. സി. മൊയ്തീന്‍, വി. എസ്. സുനില്‍കുമാര്‍, കെ. കെ. ശൈലജ ടീച്ചര്‍, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Discussion about this post