തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കാര്‍ഷിക സ്വര്‍ണപണയ വായ്പ നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വര്‍ണ പണയത്തിന്‍മേലുള്ള കാര്‍ഷിക വായ്പകള്‍ നിര്‍ത്തിവയ്ക്കാനോ പരിമിതപ്പെടുത്തുന്നതിനോ ഉത്തരവോ നിര്‍ദേശമോ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സംസ്ഥാന സര്‍ക്കാരിനോ എസ്.എല്‍.ബി.സി.യ്ക്കോ ലഭിച്ചിട്ടില്ലെന്നും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.
ഇപ്പോഴത്തെ ആശങ്ക അടിസ്ഥാനരഹിതവും അസ്ഥാനത്തുമാണ്. കര്‍ഷകര്‍ക്ക് നാലുശതമാനം മാത്രം പലിശയില്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന സ്വര്‍ണ പണയ കാര്‍ഷിക വായ്പ സംസ്ഥാന കൃഷി വകുപ്പിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നുവെന്ന നിലയില്‍ സോഷ്യല്‍ മീഡിയ വഴിയും വ്യാപകമായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്. കര്‍ഷകരെ ആത്മാര്‍ത്ഥമായി സഹായിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ വച്ചിട്ടുള്ളത്.
കാര്‍ഷിക സ്വര്‍ണപണയ വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ വലിയതോതിലുള്ള തിരിമറികളും ക്രമക്കേടുകളും നടക്കുന്നതായി നേരത്തെതന്നെ അറിയാവുന്ന കാര്യമാണ്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഗുണകരമാകേണ്ട ചെറിയ പലിശയ്ക്കുള്ള സ്വര്‍ണപ്പണയ വായ്പ അനര്‍ഹരുടെ കൈകളിലേക്ക് എത്തുന്നുണ്ട്.
അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്നത് സംബന്ധിച്ച് രാജ്യവ്യാപകമായി പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പഞ്ചാബിലും ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘം എത്തിയത്. ഇവര്‍ക്ക് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന കൃഷിവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. പഠനസംഘം അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കുന്നതേയുള്ളൂ.
കര്‍ഷകര്‍ക്ക് ഈടില്ലാതെ തന്നെ 1.6 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) പദ്ധതി. കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ ബാദ്ധ്യസ്ഥരാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ച ഏതൊരു കര്‍ഷകനും കൃഷിയാവശ്യത്തിനായി ഒരു ഈടും നല്‍കാതെ തന്നെ 1.6 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ കെ.സി.സിയിലേക്ക് കര്‍ഷകരുടെ അക്കൗണ്ടുകള്‍ മാറ്റുവാന്‍ ബാങ്കുകള്‍ തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം കാര്‍ഷിക ലോണുകള്‍ വാങ്ങുന്ന അക്കൗണ്ടുകളില്‍ 21 ശതമാനം മാത്രമാണ് കെ.സി.സി അക്കൗണ്ടുകളായിട്ടുള്ളത്. സഹകരണ ബാങ്കുകളാണ് 85 ശതമാനവും കെ.സി.സി നല്‍കിയിട്ടുള്ളത്.
അതേസമയം വാണിജ്യ ബാങ്കുകളുടെ മൊത്തം കാര്‍ഷിക വായ്പയുടെ 63 ശതമാനവും അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണുകളാണ്. കെ.സി.സി ലോണായാലും അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണായാലും പലിശയുടെ അഞ്ച് ശതമാനം കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയായതിനാല്‍ കര്‍ഷകര്‍ക്ക് നാല് ശതമാനം മാത്രമേ നല്‍കേണ്ടതുള്ളൂ. ഈ പലിശയിളവ് നല്‍കുന്നത് കൃഷി ചെയ്യുന്ന പാവപ്പെട്ട കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ലഭിക്കാനാണ്. നിലവിലുള്ള നിയമപ്രകാരം ബാങ്കുകള്‍ നല്‍കുന്ന ലോണുകളുടെ 18 ശതമാനം കാര്‍ഷിക ലോണുകളായിരിക്കണമെന്ന് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കര്‍ഷകരല്ലാത്ത ആളുകളും കൃഷി ചെയ്യാത്തവരും സ്വര്‍ണം പണയം വച്ച് കാര്‍ഷിക ലോണുകള്‍ വാങ്ങുന്നതിനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കുന്നതുവഴി പലിശ സബ്സിഡി കര്‍ഷകരല്ലാത്തവര്‍ നേടിയെടുക്കുകയാണ്. മാത്രമല്ല, ബാങ്കുകള്‍ക്ക് തങ്ങള്‍ അനുവദിച്ച ലോണുകളില്‍ 18 ശതമാനവും കാര്‍ഷിക ലോണുകളാണെന്ന് റിസര്‍വ് ബാങ്കിനു മുന്നിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നിലും സ്ഥാപിക്കാനും കഴിയും. 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ തന്നെ ലഭിക്കാവുന്ന കെ.സി.സി അക്കൗണ്ടുകള്‍ വഴിയുള്ള ലോണുകള്‍ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വന്തമായി സ്വര്‍ണശേഖരമില്ലാത്ത മഹാഭൂരിപക്ഷം പാവപ്പെട്ട കര്‍ഷകരും വട്ടിപലിശയ്ക്ക് ലോണെടുക്കേണ്ടിവരുന്നു. കര്‍ഷകര്‍ ഭൂമി പണയം നല്‍കിയാല്‍ ബാങ്കുകള്‍ അത്തരം ലോണുകള്‍ കാര്‍ഷികേതര ലോണുകളായിട്ടാണ് നല്‍കുന്നത്. ഇതുമൂലം കൂടുതലായി കര്‍ഷകര്‍ക്ക് കാര്‍ഷികേതര വായ്പകള്‍ വാങ്ങി കടക്കെണിയിലാകേണ്ട സാഹചര്യമുണ്ട്.
ഈ സാഹചര്യത്തിലാണ് 100 ശതമാനം കര്‍ഷകരെയും എല്ലാ ബാങ്കുകളും കെ.സി.സി അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും അതുവഴി 1.6 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ലഭിക്കാന്‍ അവസരമൊരുക്കണമെന്നും സംസ്ഥാന കൃഷി വകുപ്പ് കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും എസ്.എല്‍.ബി.സിയോടും ആവശ്യപ്പെട്ടത്. നിലവിലുള്ള അഗ്രിക്കള്‍ച്ചര്‍ ഗോള്‍ഡ് ലോണ്‍ പദ്ധതി തുടര്‍ന്നും മുന്നോട്ടുപോകണം. വാങ്ങുന്നവര്‍ ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള കാര്‍ഷിക സ്വര്‍ണ പണയ വായ്പയെങ്കിലും കൃഷിക്കാരോ പാട്ടകൃഷിക്കാരോ ആണെന്നും കാര്‍ഷിക – കാര്‍ഷിക അനുബന്ധ കാര്യങ്ങള്‍ക്കാണ് ലോണ്‍ വാങ്ങുന്നതെന്നും ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ കെ.സി.സി വഴി നല്‍കുന്ന ലോണ്‍ 1.6 ലക്ഷം എന്നത് 3.25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.സി.സി അക്കൗണ്ടുകളിലേക്ക് 100 ശതമാനം കര്‍ഷകരെയും കൊണ്ടുവരുന്നതിനുള്ള 100 ദിന പ്രത്യേക ക്യാംപെയ്ന്‍ പരിപാടി എസ്.എല്‍.ബി.സിയും സംസ്ഥാന കൃഷി വകുപ്പും വഴി ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Discussion about this post