വയനാട്: മേപ്പാടി പുത്തുമലയില്‍. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ സംഖ്യ ഉയരുന്നു. നൂറ് കണത്തിന് രക്ഷാ പ്രവര്‍ത്തകരാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കഠിനപ്രയത്‌നം നടത്തുന്നത്. ഏഴ് പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നാല്‍പ്പത് പേരെ എങ്കിലും കാണാതായിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍.
ഒരു വലിയ മല അപ്പാടെ ഒലിച്ചുപോയ അവസ്ഥയിലാണ്. ഇരുപതോളം വീടുകള്‍, മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, പള്ളി, അമ്പലം, കടകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം ഒലിച്ചുപോയി. നൂറേക്കറെങ്കിലും മലവെള്ളക്കുത്തൊഴുക്കില്‍ ഒഴുകിപ്പോയെന്നാണ് കണക്കാക്കുന്നത്.
പുത്തുമലയിലേക്കുള്ള റോഡുകളില്‍ ഗതാഗത തടസമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പരിക്കേറ്റവരെ മേപ്പാടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയാണ്.
Discussion about this post