പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല.
തിരുമുറ്റത്ത് ആഴിയില്‍ തന്ത്രി അഗ്‌നിപകരുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ 5ന് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.
കഴിഞ്ഞ വര്‍ഷം വരെ തുലാം ഒന്നിനു നടന്നിരുന്ന പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇത്തവണ മുതല്‍ ചിങ്ങം ഒന്നിനാണ് നടക്കുക. മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്ന് മുതല്‍ 31വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം.













