ജമ്മു: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാഷ്മീരിലെ രജൗരിയിലുള്ള നൗഷേര പ്രദേശത്താണ് പാക് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാത്രിയും പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ നടത്തിയ നുഴഞ്ഞു കയറ്റശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് ഭീകരരെ തള്ളിവിടാനുള്ള പാക് സൈന്യത്തിന്റെ ശ്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. പാക്കിസ്ഥാന്റെ പ്രകോപനപരമായ നടപടിമൂലം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയിലാണ് നില്‍ക്കുന്നത്.
Discussion about this post