തൃശ്ശൂര്‍:സംവിധായകനും എഴുത്തുകാരനുമായ ചിന്ത രവി (65) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്‌ച രാത്രി 8.15 ഓടെയായിരുന്നു അന്ത്യം.
പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രസംവിധായകന്‍, സഞ്ചാരസാഹിത്യകാരന്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞ ജീവിതമാണ് ചിന്ത രവി എന്ന ടി.രവീന്ദ്രന്‍ നയിച്ചിരുന്നത്. ചിന്ത, കലാകൗമുദി വാരികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ മാര്‍ക്‌സിയന്‍ രീതിശാസ്‌ത്രമുള്‍ക്കൊണ്ട് സാംസ്‌കാരികപഠനങ്ങള്‍ ധാരാളമായി എഴുതിയിട്ടുണ്ട്.
എസ്.കെ. പൊറ്റേക്കാടിനുശേഷം യാത്രയെഴുത്തിന് പുതിയ വഴിവെട്ടിയ വ്യക്തിയെന്ന നിലയില്‍ ശ്രദ്ധേയനായി. ഇന്ത്യന്‍ ആദിവാസി മേഖലകളിലും ഗ്രാമങ്ങളിലും വിദേശങ്ങളിലും സഞ്ചരിച്ചു. സ്വിസ് സ്‌കെച്ചുകള്‍, അകലങ്ങളിലെ മനുഷ്യര്‍, ബുദ്ധപഥം, ദിഗാരുവിലെ ആനകള്‍, മെഡിറ്ററേനിയന്‍ വേനല്‍ തുടങ്ങിയവ അങ്ങനെയുണ്ടായ ഗ്രന്ഥങ്ങളാണ്.
1960കളില്‍ അന്‍േറാണിയോ ഗ്രാംഷിയെ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ചിന്ത രവിയും ഡോ. ടി.കെ. രാമചന്ദ്രനും ചേര്‍ന്നായിരുന്നു. 60കളുടെ അവസാനം കനപ്പെട്ട ലേഖനങ്ങളും ചിന്തകളും ഉള്‍ക്കൊള്ളിച്ച് സര്‍ച്ച്‌ലൈറ്റ് എന്നൊരു മാസിക കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്നു.
ഏഷ്യാനെറ്റിനുവേണ്ടി ‘എന്റെ കേരളം’ എന്ന യാത്രാവിവരണ ദൃശ്യപരമ്പര അവതരിപ്പിച്ചത്‌ശ്രദ്ധേയമായിരുന്നു. ‘ഒരേ തൂവല്‍പ്പക്ഷികള്‍’ എന്ന സിനിമയുടെ സംവിധായകനായ രവീന്ദ്രന് ഈ ചിത്രം മികച്ച സിനിമയുടേതടക്കം മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിക്കൊടുത്തു. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഹരിജന്‍ എന്നീ കഥാചിത്രങ്ങളും രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ‘മൗനം സൗമനസ്യം’ എന്ന ലഘുചിത്രവും സംവിധാനം ചെയ്‌തിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ക്കായി അനേകം പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ പോട്ടോരിലെ ‘കപിലവസ്‌തു’ എന്ന വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. എഴുത്തുകാരിയായ ദേവകി നിലയങ്ങോടിന്റെ മകള്‍ ചന്ദ്രികയാണ് ഭാര്യ. മകന്‍: തഥാഗതന്‍.
പലവിധ രോഗങ്ങളാല്‍ വലഞ്ഞ അദ്ദേഹം ഒരുവര്‍ഷമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മരണസമയത്ത് ഭാര്യയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമീപമുണ്ടായിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.ആര്‍. മോഹനന്‍, വി.കെ. ശ്രീരാമന്‍, ബാബു ഭരദ്വാജ്, ടി.വി. ചന്ദ്രന്‍, എ.സി.മൊയ്‌തീന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.
മൃതദേഹം ആശുപത്രിയില്‍ നിന്ന് പോട്ടോറിലെ വീട്ടിലേക്കു കൊണ്ടുപോയി. ചൊവ്വാഴ്‌ച 12 മണിക്ക് സാഹിത്യ അക്കാദമിയില്‍ കൊണ്ടുവരും. ശവസംസ്‌കാരം ചൊവ്വാഴ്‌ച 3.30ന് വടൂക്കര ശ്‌മശാനത്തില്‍ നടക്കും.
Discussion about this post