ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ അതീവ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സി.ബി.ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അതേസമയം അദ്ദേഹം ഇന്നലെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. സി.ബി.ഐ അസ്ഥാനത്തുള്ള ചിദംബരത്തെ അല്‍പസമയത്തിനകം വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.
14 ദിവസത്തേക്ക് പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കാനും സിബി.ഐ അപേക്ഷ നല്‍കും. കേസിലെ മുഖ്യപ്രതികളിലൊരാളായ ഇന്ദ്രാണി മുഖര്‍ജി ചിദംബരത്തിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിക്കും.
ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി. ഐ.എന്‍.എക്സ് മീഡിയ കേസില്‍ തനിക്കെതിരെ കുറ്റപത്രമില്ലെന്നും, താന്‍ ഒളിച്ചോടിയിട്ടില്ലെന്നും, നിയമസംരക്ഷണത്തിനായുള്ള ശ്രമത്തിലാണെന്നും പി.ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.വാര്‍ത്ത സമ്മേളനത്തിന് ശേഷം ചിദംബരം ജോര്‍ബാഗിലെ വസതിയിലേക്ക് പോയി. രാത്രി ഒമ്പത് മണിയോടെ സി.ബി.ഐ,എന്‍ഫോഴ്‌സ്മെന്റ് സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തി, ഗേറ്റ് പൂട്ടിയതിനാല്‍ മതില്‍ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു.
ഐ.എന്‍.എക്സ് മീഡിയ എന്ന മാദ്ധ്യമ കമ്പനിയ്ക്ക് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അനധികൃതമായി വിദേശഫണ്ട് സ്വീകരിക്കാന്‍ സഹായിച്ചുവെന്നും പ്രതിഫലമായി കാര്‍ത്തി കോഴപ്പണം വാങ്ങിയെന്നും പദവികള്‍ ലഭിച്ചുവെന്നുമാണ് കേസ്.













