തിരുവനന്തപുരം: കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കടന്നുകയറ്റം നടത്തുന്നത് പരിശോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. 20,000 രൂപയില്‍ കൂടുതല്‍ കറന്‍സിയായി നിക്ഷേപം നടത്തിയതിന് മുന്‍കാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും. ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ കേരളത്തിന്റെ റസിഡന്റ് കമ്മീഷണറെ അപ്പപ്പോള്‍ ധരിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍വര്‍ഷത്തെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച വായ്പ മോറട്ടോറിയവും വായ്പ പുനക്രമീകരണവും കാലാവധി തീര്‍ന്നശേഷം സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് പരിഗണിക്കുമെന്നും ധനമന്ത്രി ഉറപ്പ് നല്‍കി. കേരള സഹകരണ വികസന റിസ്‌ക് ഫണ്ട് ബോര്‍ഡിനുമേല്‍ ജി. എസ്. ടിയും നികുതിയും സാധാരണ ഗതിയില്‍ ചുമത്തേണ്ടതില്ലെന്നും ഇക്കാര്യം അടുത്ത ജി. എസ്. ടി കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രി മുഖേന കൊണ്ടുവരണമെന്നും കേന്ദ്ര മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്ക് ആദായനികുതി ഒഴിവാക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്നും വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
നബാര്‍ഡില്‍ നിന്നുള്ള കാര്‍ഷിക വായ്പയുടെ പുനര്‍വായ്പ പരിധി നിലവിലെ 40 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ത്തുകയും പലിശ 4.5 ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി കുറയ്ക്കുകയും ചെയ്യണമെന്ന് സഹകരണ മന്ത്രി ആവശ്യപ്പെട്ടു. വിഷയം വിശദമായി പരിശോധിച്ച ശേഷം അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രളയത്തിലെ നഷ്ടം പരിഹരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടും കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന റിപ്പോര്‍ട്ടും പരിഗണിച്ച് സാമ്പത്തിക സഹായം നല്‍കും. നബാര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുതുടര്‍നടപടി സ്വീകരിക്കും.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടില്‍ ആവശ്യമുള്ള ഭേദഗതി പരിഗണിക്കുമെന്ന് സഹകരണ മേഖലയുടെ കൂടി ചുമതലയുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. ഉയര്‍ന്ന പലിശനിരക്ക് സംബന്ധിച്ച് എന്‍.സി.ഡി.ഡിയുമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാര്‍ ഡോ. പി. കെ. ജയശ്രീ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Discussion about this post