തിരുവനന്തപുരം: ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികള്‍ സംസ്ഥാനത്തുടനീളം സജ്ജമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഓണവിപണികളുടെ സംസ്ഥാനതല സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് 5.30ന് തിരുവനന്തപുരം പാളയം ഹോര്‍ട്ടിക്കോര്‍പ്പ് വിപണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
ഉത്സവകാലങ്ങളില്‍ പൊതുവിപണികളില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് സംസ്ഥാനത്തെ 1000 കൃഷിഭവനുകളുടെ കീഴില്‍ വിപണികള്‍ ആരംഭിക്കുന്നത്. കൃഷിവകുപ്പ് 1350, ഹോര്‍ട്ടിക്കോര്‍പ്പ് 500, വിഎഫ്പിസികെ 150 എന്നിങ്ങനെയാണ് വിപണികള്‍ സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 10 വരെ പ്രവര്‍ത്തിക്കും.
കര്‍ഷകരില്‍നിന്നും പൊതുവിപണി വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. 100 രൂപവരെ വിലവരുന്ന പച്ചക്കറി കിറ്റുകള്‍ വിപണികളിലൂടെ ലഭ്യമാക്കും.
വിപണികള്‍ പ്‌ളാസ്റ്റിക് വിമുക്തമായിരിക്കും. നല്ല കാര്‍ഷികമുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജിഎപി സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്നും 20 ശതമാനം അധികവില നല്‍കി സംഭരിച്ച് പൊതുവിപണിയില്‍ 10 ശതമാനം വില കുറച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുള്ളി, ചെങ്ങാലിക്കോടന്‍ നേന്ത്രന്‍, വാഴക്കുളം പൈനാപ്പിള്‍ എന്നീ ഭൗമസൂചിക പദവി നേടിയ ഉത്പന്നങ്ങള്‍ വിപണികളിലൂടെ പരമാവധി ജനങ്ങളില്‍ എത്തിക്കുവാന്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം 252, ആലപ്പുഴ 183, കൊല്ലം 185, പത്തനംതിട്ട 122, കോട്ടയം 184, ഇടുക്കി 111, എറണാകുളം 188, തൃശ്ശൂര്‍ 160, പാലക്കാട് 149, മലപ്പുറം 150, വയനാട് 44, കോഴിക്കോട് 132, കണ്ണൂര്‍ 107, കാസര്‍കോട് 57 എന്നിങ്ങനെയാണ് ജില്ലകളിലെ വിപണികളുടെ എണ്ണം.
Discussion about this post