കണ്ണൂര്‍: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക് നിര്‍മിച്ചതു തീരദേശ നിയമം ലംഘിച്ചാണെന്നു വിദഗ്‌ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. മൂന്ന് ഏക്കറോളം കണ്ടല്‍ക്കാടു വെട്ടി നശിപ്പിച്ചതായി സമിതി കണ്ടെത്തി. പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെ രണ്ടു കോടി രൂപ മുതല്‍ മുടക്കിയാണു പാര്‍ക്ക് നിര്‍മിച്ചത്. രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന യോഗത്തിനു ശേഷമാണ് വിദഗ്‌ധ സമിതി പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രദേശത്താകെയുണ്ടായ പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തി.
തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിറ്റി അംഗം ഡോ. കെ.ബി. മധുസൂദന കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടച്ചുപൂട്ടിച്ച കണ്ടല്‍ പാര്‍ക്കിന്റെ പരിസ്‌ഥിതി ആഘാതത്തെക്കുറിച്ചുപഠിക്കുന്നത്. തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സി.ടി.എസ്. നായര്‍ ഈമാസം 27നു കണ്ടല്‍പാര്‍ക്ക് സന്ദര്‍ശിക്കും. ഫീല്‍ഡ് സ്‌റ്റഡി നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണിത്.അതിനു ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.നിയമലംഘനം നടത്തിയാണ് കണ്ടല്‍ തീം പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നതെന്ന കേന്ദ്രവിദഗ്‌ധ സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാര്‍ക്കു പൂട്ടാന്‍ വനം പരിസ്‌ഥിതി മന്ത്രാലയമാണ് ഉത്തരവിട്ടത്. കെ. സുധാകരന്‍ എം. പിയായിരുന്നു ഇതു സംബന്ധിച്ച് കേന്ദ്രത്തിന്‌് പരാതി സമര്‍പ്പിച്ചിരുന്നത്.
Discussion about this post