തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്ത് നിന്നു പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് കളിയിക്കാവിളയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വമായ സ്വീകരണം നല്‍കി. തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങള്‍ക്കാണ് സ്വീകരണം നല്‍കിയത്.
വാദ്യഘോഷങ്ങളും കാവടി ഉള്‍പ്പെടെയുള്ള കലാരൂപങ്ങളും ഒരുക്കിയിരുന്നു. കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. വ്യാഴാഴ്ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തിയ വിഗ്രഹങ്ങള്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കളിയിക്കാവിളയില്‍ എത്തിയത്.
എം. എല്‍. എമാരായ സി. കെ. ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, വി. എസ്. ശിവകുമാര്‍, എം. വിന്‍സന്റ്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. പി. ശങ്കരദാസ്, അഡ്വ. എന്‍. വിജയകുമാര്‍ എന്നിവരും റവന്യു, ദേവസ്വം, പോലീസ് അധികൃതരും സന്നിഹിതരായിരുന്നു.













