പത്തനംതിട്ട: ശബരിമല ഇടത്താവളത്തിന്റെ ഒന്നാംഘട്ട നിര്‍മാണം ഉടനെ ആരംഭിക്കും. വെട്ടിപ്രത്ത് അഞ്ച് ഏക്കറിലാണു നഗരസഭ ഇടത്താവളം നിര്‍മിക്കുന്നത്. ആദ്യഘട്ടമായി കോണ്‍ഫറന്‍സ് ഹാള്‍, പാചകപ്പുര, വിരിവയ്ക്കാനുള്ള സൗകര്യം എന്നിവ നിര്‍മിക്കാനാണു പദ്ധതി.
അഞ്ചു വര്‍ഷം മുന്‍പാണു ശബരിമല ഇടത്താവളത്തിനായി അഞ്ച് ഏക്കര്‍ വയല്‍ നഗരസഭ ഏറ്റെടുത്തത്. നിര്‍ദിഷ്ട ഇടത്താവളത്തിലേക്കു കയറുന്നതിനു വഴി സൗകര്യം ഇല്ലാത്തതു മൂലമാണു നിര്‍മാണം വൈകിയത്. സ്വകാര്യ വ്യക്തിയുടെ കൈവശത്തിലിരുന്ന 35.74 സെന്റ് ഏറ്റെടുക്കുന്നതിന് അഞ്ചു ലക്ഷം രൂപ നഗരസഭ റവന്യു വകുപ്പില്‍ അടച്ചതോടെ ഇതിനുള്ള തടസ്സവും നീങ്ങി.
ഡോര്‍മിറ്ററി, ഹോട്ടല്‍, ഭക്ഷണശാല, കോണ്‍ഫറന്‍സ് ഹാള്‍, ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഇടത്താവളത്തില്‍ നിര്‍മിക്കാനാണു പദ്ധതി. ഇതോടൊപ്പം പാര്‍ക്കിങ് സൗകര്യവും ക്രമീകരിക്കും. 12 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടമായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ശേഷിക്കുന്ന തുക വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും എംപി, എംഎല്‍എ എന്നിവരുടെയും സഹായത്തോടെ കണ്ടെത്താനായിരുന്നു തീരുമാനം. കൂടുതല്‍ തുക കണ്ടെത്താന്‍ കഴിയാത്തതു മൂലമാണ് 50 ലക്ഷം രൂപയ്ക്ക് ഒന്നാംഘട്ടം ആരംഭിക്കാന്‍ തീരുമാനിച്ചത്.
എന്നിട്ടും 21 ലക്ഷം രൂപ കൂടി കണ്ടെത്തുന്നതു സംബന്ധിച്ചു തര്‍ക്കം ഉടലെടുത്തു. പൈല്‍ അടിച്ച് അടിത്തറ നിര്‍മിക്കുന്നതിനാണ് ഇത്രയും
തുക കൂടുതല്‍ വേണ്ടിവന്നത്. ആ തുക നഗരസഭ ചെലവഴിക്കാമെന്നു സമ്മതിച്ചതോടെ പ്രശ്‌നം പരിഹരിച്ചതായി ചെയര്‍മാന്‍ എ. സുരേഷ്‌കുമാര്‍ അറിയിച്ചു. തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന്റെ നൂറിന പദ്ധതിയില്‍പ്പെടുത്തി ഫണ്ട് കണ്ടെത്തുന്നതിനു ശ്രമം നടത്തും. ഇതു സംബന്ധിച്ച് എംപി, എംഎല്‍എ എന്നിവരുടെ പങ്കാളിത്തത്തോടെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post