ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്നബാധിത ബൂത്തുകളിലുള്‍പ്പടെ 36 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഈ ബൂത്തുകളിലെല്ലാം പോളിംഗ് ജോലികളും വോട്ടെടുപ്പും പൂര്‍ണ്ണമായി വെബ് കാസ്റ്റിംഗ് നടത്തി പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിലെ കണ്ട്രോള് റൂമില്‍ നിരീക്ഷിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വെബ് കാസ്റ്റിംഗ് സംബന്ധിച്ച് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകള്‍ 22എണ്ണമാണ്. ആകെ പോളിംഗ് ബൂത്തുകളുടെ ഇരുപത് ശതമാനം വെബ് കാസ്റ്റിംഗ് നടത്താനാണ് തീരുമാനം. നീതിപൂര്‍വ്വവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് വെബ് കാസ്റ്റിംഗ് വഴി ഈ പോളിംഗ് ബൂത്തുകളെ എല്ലാ സമയത്തും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. വെബ് കാസ്റ്റിംഗിനൊപ്പം ഇത്തരം ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍, കേന്ദ്ര അര്‍ദ്ധ സൈനിക സേന എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിരീക്ഷണ വിധേയമായിരിക്കും. അരൂരിലെ അന്തിമ വോട്ടര്‍ പട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമാറിയിട്ടുണ്ട്.
Discussion about this post