തിരുവനന്തപുരം: മഴ തുടരുമ്പോള്‍ പോളിംഗ് ശതമാനം കുറയുമെന്ന ആശങ്കയിലാണ് എല്ലാ മുന്നണികളും. വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പ് സാവധാനത്തിലാണ് നടക്കുന്നത്. വോട്ടിംഗ് തുടങ്ങി മൂന്നു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ രാവിലെ 9.30 വരെയുള്ള കണക്കു പ്രകാരം 10.38 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,97,570 വോട്ടര്‍മാരില്‍ 20,515 പേര്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 11,807 പേര്‍ പുരുഷന്മാരും 8,707 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്ററുമാണ്.
കോന്നിയില്‍ 11.53 ശതമാനം, അരൂരില്‍ 12.43 ശതമാനം, മഞ്ചേശ്വരത്ത് 12.18 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍. കനത്ത മഴ തുടരുന്ന എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ്. 4.93 ശതമാനം മാത്രമാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.













