കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വട്ടിയൂര്‍ക്കാവില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ട സാഹചര്യത്തിലാണു സുകുമാരന്‍ നായരുടെ പ്രസ്താവന. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എന്‍എസ്എസ് നിലപാട്. ഇക്കുറി അതു ശരിദൂരമാക്കി. അതിനര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ശരിദൂരം പാലിക്കാന്‍ മാത്രമാണ് എന്‍എസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എന്‍എസ്എസ് അംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനു വേണ്ടി എന്‍എസ്എസ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചതു മാത്രമാണു ചര്‍ച്ചാവിഷയമായതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.













