തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്.
സംസ്ഥാന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ജൂണ്‍ എട്ടിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എല്‍.ഡി.ക്ലര്‍ക്ക്-സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയുടെ സാധ്യതാ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഈ ലിസ്റ്റിലുണ്ടാകും.
ജാതി/ക്രിമിലയര്‍/സാമ്പത്തിക സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍, അംഗങ്ങളായ ജി.എസ് ഷൈലാമണി, പി.സി രവീന്ദ്രനാഥന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷിക വരുമാന പരിധി മൂന്നുലക്ഷം കടക്കാന്‍ പാടില്ല, കുടുംബാംഗങ്ങള്‍ക്ക് ആദായനികുതി ഉണ്ടാകരുത്, ഒരേക്കറിലധികം വസ്തു പാടില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുംബാംഗം ആകരുത് എന്നിവയാണ് സാമ്പത്തിക സംവരണത്തിനുള്ള യോഗ്യതാ മാനദണ്ഡം. പിന്നാക്ക സമുദായങ്ങള്‍ക്കും പട്ടികജാതി വിഭാഗത്തിനും നിലവിലുള്ളതിനെക്കാള്‍ എട്ടു ശതമാനം സംവരണം അധികമായി നല്‍കിയിട്ടുണ്ട്. മലബാര്‍ ഉള്‍പ്പടെയുള്ള അഞ്ചു ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.













