ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് രാവിലെ 10.30ന് വിധിപറയുക. 56 പുനപരിശോധന ഹര്‍ജികളിലാണ് വിധി. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് നടത്തിയ 12 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമായിരുന്നു വിധി. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികള്‍ വന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഒരു ദിവസം നീണ്ട വാദമാണ് ഹര്‍ജികളില്‍മേല്‍ നടന്നത്. പിന്നീട് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കും. യുവതീപ്രവേശനം അനുവദിച്ച വിധി കേരളത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെതിരെ വിവിധയിടങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടായി.
Discussion about this post