ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൗരന്മാര് ആവശ്യപ്പെട്ടാല്‍ അത് നല്കാന് സുപ്രിം കോടതിക്കും ചീഫ് ജസ്റ്റിസിനും നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി 2010 ല്‍ വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസും സുപ്രിം കോടതിയും പബ്ലിക് അതോറിറ്റിയാണെന്നും വിധിയില്‍ പറയുന്നു.
സുപ്രിം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം ആവശ്യപ്പെട്ട ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സുപ്രിം കോടതി സെക്രട്ടറി ജനറലാണ് ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എന്‍വി രമണ, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരാണ് വിധി പറഞ്ഞ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിന് മുന്‍പ് വിധി പറയുന്ന സുപ്രധാന കേസുകളില്‍ ഒന്നാണിത്.
Discussion about this post