തിരുവനന്തപുരം: ഉത്പാദനവും സേവനങ്ങളും ഏകോപിപ്പിച്ചാലേ ഉത്പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും വിപണിമത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകൂവെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സഹകരണ മേഖലയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും കേരളത്തിലെ വികേന്ദ്രീകൃത സാധ്യതയും എന്ന വിഷയത്തില്‍ നിയമസഭയില്‍ സംഘടിപ്പിച്ച പ്രഭാഷണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട വ്യവസായങ്ങള്‍ക്കോ ഉത്പാദകര്‍ക്കോ പോലും ആഗോള കുത്തകകളോട് മത്സരിക്കേണ്ട സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കര്‍ഷകര്‍ പലരും ചെറുകിട ഉത്പാദകരാണ്. ഇത്തരക്കാരെ കൂട്ടി സഹകരണ സംഘങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയാല്‍ വിപണിയില്‍ ഏകോപനം ഉണ്ടാക്കാനും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനുമാകും. സഹകരണമേഖലയില്‍ നിരവധി വിജയമാതൃകകള്‍ നമുക്കുണ്ട്. മുഖ്യധാര സാമ്പത്തിക വിദഗ്ധരൊന്നും ഇതിന്റെ വിജയം അംഗീകരിച്ചുതരണമെന്നില്ല. എന്നാല്‍, സഹകരണ മേഖലയില്‍ കൃത്യമായ ഏകോപനമുണ്ടായാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനാകും. ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ ഇത്തരം നിരവധി സഹകരണ മാതൃകകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിനനുസരിച്ച് സഹകരണമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്സുകള്‍ സഹായകമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടാക്സി സര്‍വീസുകളുടെ ഏകീകൃത സഹകരണ ഓണ്‍ലൈന്‍ ശൃംഖല തയാറായി വരികയാണെന്നും ജനുവരിയോടെ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നവലിബറല്‍ നയങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ പ്രതിസന്ധി അതിജീവിക്കാന്‍ സഹായിക്കുന്നത് സഹകരണപ്രസ്ഥാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തിയുള്ള സഹകരണ കൂട്ടായ്മകള്‍ ഉപയോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും ജനാധിപത്യപരമായ ഉടമാവകാശം നല്‍കാന്‍ സഹായകമാകുമെന്ന് വിഷയത്തില്‍ പ്രഭാഷണം നടത്തിയ ന്യൂയോര്‍ക്ക് ന്യൂ സ്‌കൂള്‍ പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവിസം കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ഡോ. ട്രെബര്‍ ഷോല്‍സ് പറഞ്ഞു.
Discussion about this post