ദില്ലി: മഹാകവി അക്കിത്തത്തിന് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി.
”വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് ഏതാണ്ട് 61 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മലയാളകവിതയുടെ ദാര്‍ശനികമുഖമായി അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാക്കാലവും ശ്രദ്ധേയമായി.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18-നാണ് അച്യുതന്‍ നമ്പൂതിരിയുടെ ജനനം. വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകന്‍. ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും ജ്ഞാനം നേടി. വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ യോഗക്ഷേമസഭയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി.
1956 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തിന്റെ എഡിറ്ററാണ്. 1985-ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാല്‍പ്പത്തിയാറോളം കൃതികള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രധാനം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തന്നെ. ബലിദര്‍ശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനഃസ്സാക്ഷിയുടെ പൂക്കള്‍, അരങ്ങേറ്റം, പഞ്ചവര്‍ണ്ണക്കിളി, സമത്വത്തിന്റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങള്‍ അദ്ദേഹമെഴുതി. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളെഴുതി. ”ഈ ഏട്ത്തി നൊണേ പറയൂ”, എന്ന കുട്ടികള്‍ക്കുള്ള നാടകം പ്രശസ്തമാണ്.
ബലിദര്‍ശനത്തിന് 1972-ല്‍ കേരളസാഹിത്യ അവാര്‍ഡ് ലഭിച്ചു. പിന്നാലെ 1973-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും. ഓടക്കുഴല്‍, സഞ്ജയന്‍, എഴുത്തച്ഛന്‍ പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.
അക്കിത്തം എന്ന സര്‍നെയിം ഇന്ന് പ്രശസ്തമാണ്. ചിത്രകാരന്‍ അക്കിത്തം നാരായണനാണ് കവിയുടെ സഹോദരന്‍. മകന്‍ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
Discussion about this post