തിരുവനന്തപുരം: പോളയും ആഫ്രിക്കന്‍ പായലും വ്യാപിച്ച് നാശോന്‍മുഖമായ തിരുവനന്തപുരം വെള്ളായണി കായലിന്റെ ശുചീകരണം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച (ഡിസംബര്‍ നാല്) തുടങ്ങും. കായലില്‍ ചെളിയടിഞ്ഞ് ആഴവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ശുചീകരണം ജനപങ്കാളിത്തത്തോടെയും സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലും ആരംഭിച്ചിട്ടുണ്ട്.
ഇന്‍ലാന്റ് നാവിഗേഷന്‍ വിഭാഗവും മെക്കാനിക്കല്‍ വിഭാഗവും ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളിയാവും. വീഡ് ഹാര്‍വെസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പോള മാറ്റുന്ന പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന് കായലിന്റെ ആഴം കൂട്ടുന്ന പ്രവര്‍ത്തനവും നടപ്പിലാക്കാനാണ് പദ്ധതി.
തിരുവനന്തപുരം ജില്ലയിലെ അമൂല്യ ശുദ്ധജലസ്രോതസാണ് വെള്ളായണി കായല്‍. ഉപ്പുരസം തീണ്ടാതെ കുടിവെള്ള യോഗ്യമാണിത്. വെങ്ങാനൂര്‍, കോട്ടുകാല്‍, കരുംകുളം, കല്ലിയൂര്‍, തിരുവല്ലം, മുട്ടക്കാട് പ്രദേശങ്ങള്‍ കുടിവെള്ളത്തിനായി വെള്ളായണി കായലിനെയാണ് ആശ്രയിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതും ഇവിടെനിന്നാണ്. 64 കൈത്തോടില്‍ നിന്നുള്ള വെള്ളമാണ് കായലിന്റെ ജലസമ്പത്ത്.
1955-ല്‍ വെള്ളായണി കാര്‍ഷിക കോളേജ് സ്ഥാപിതമാകുന്നതുവരെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധീനതയിലായിരുന്ന പുഞ്ചപ്പാടങ്ങളായിരുന്നു കായലും പരിസരപ്രദേശങ്ങളും. കായല്‍ ശുചീകരണമെന്ന പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
Discussion about this post