ദില്ലി: അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. ജംയത്തുല്‍ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ ഹര്‍ജികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
അയോധ്യ കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലീം കക്ഷികള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളില്‍ പറയുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായിരുന്ന ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. ഭൂരിഭാഗം ഹര്‍ജികളിലും വിധി പുനപരിശോധിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. മതേതര മൂല്യങ്ങള്‍ക്ക് എതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉണ്ട്.
Discussion about this post