ബംഗളുരു: ചന്ദ്രയാന്‍-3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന് വ്യക്തമാക്കി. ചന്ദ്രയാന്‍-3 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും കെ ശിവന് അറിയിച്ചു. ഇന്ത്യയുടെ വ്യോമസേനയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് പേരെ ഗഗന്യാന് പദ്ധതിയുടെ പരിശീലനത്തിനായി റഷ്യയിലേക്ക് ആയക്കുമെന്നും കെ ശിവന് വ്യക്തമാക്കി. 2020-ല്‍ തന്നെ, ചന്ദ്രയാന്‍ 3 വിക്ഷേപിക്കപ്പെടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു.
ചന്ദ്രയാന്‍-2-ന് പ്രതീക്ഷിച്ച ലക്ഷ്യത്തില്‍ എത്തിക്കുന്നതിനായില്ലെങ്കിലും പദ്ധതി പരാജയമാണെന്ന് പറയാനാകില്ലെന്ന് കെ ശിവന് പറഞ്ഞു. കൃത്യമായി ലാന്‍ഡറിന് ലാന്‍ഡ് ചെയ്യാനായില്ല എന്നത് മാത്രമേയുള്ളൂ. പദ്ധതിയിലെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. അടുത്ത ഏഴ് വര്‍ഷം ചന്ദ്രോപരിതലത്തിന് ചുറ്റും കറങ്ങി ചിത്രങ്ങളെടുക്കാന്‍ ചന്ദ്രയാന്‍ – 2ന്റെ ഓര്‍ബിറ്ററിന് കഴിയുമെന്നും കെ ശിവന് ആവര്‍ത്തിച്ചു.
14 മുതല്‍ 16 മാസങ്ങളുടെ കാലാവധിയില്‍ ചന്ദ്രയാന്‍ – 3 ദൗത്യം പൂര്‍ത്തിയാകും. ചന്ദ്രയാന്‍ – 2 ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രോപരിതലത്തില്‍ ഭ്രമണം തുടരുന്നതിനാല്‍, അതിന് പാകത്തിലുള്ള, ലാന്‍ഡറും റോവറും തന്നെയാകും ചന്ദ്രയാന്‍ – 3 ദൗത്യത്തിലുമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡിംഗ് ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച ആദ്യ പദ്ധതിയായിരുന്നു ചന്ദ്രയാന്‍ – 2. എന്നാല്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിനിടെ, വിക്രം എന്ന് പേരിട്ട ലാന്‍ഡര്‍ നിയന്ത്രണം വിട്ട് ഉപരിതലത്തില്‍ പതിക്കുകയായിരുന്നു.
Discussion about this post